തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് 19 കാരിയായ യുവതിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. താൻ മദ്യലഹരിയിലായിരുന്നുവെന്നും വാതിലിൽ നിന്ന് മാറി നിൽക്കാൻ യുവതി ആവശ്യപ്പെട്ടപ്പോൾ ദേഷ്യം വന്നാണ് തള്ളിയിട്ടതെന്നും പ്രതി പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം രാത്രി വർക്കല അയിനി മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് കേരള എക്സ്പ്രസ് ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
സുരേഷ് കുമാർ കോട്ടയത്ത് നിന്നാണ് ട്രെയിനിൽ കയറിയത്. രണ്ട് യുവതികൾ ആലുവയിൽ നിന്നാണ് കയറിയത്. ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് ട്രെയിൻ നിർത്തിച്ച് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് വർക്കല മിഷൻ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു. യുവതിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.