ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളി ദിനമായ ഓഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നീ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടർന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.
നെഹ്റു ട്രോഫി വള്ളംകളി ദിവസം (ഓഗസ്റ്റ് 30) പ്രഖ്യാപിച്ച അവധിയിൽ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ആലപ്പുഴ ജില്ല കലക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മാവേലിക്കര എംഎൽഎ എം.എസ്.അരുൺകുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മാവേലിക്കര താലൂക്കിനു മാത്രം അവധി നൽകാതിരുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവും മാവേലിക്കര കോടതിയിലെ അഭിഭാഷകയുമായ മുത്താര രാജും കലക്ടർക്ക് പരാതി നൽകിയിരുന്നു. മാവേലിക്കര താലൂക്കിനു മാത്രം അവധി നൽകാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കലക്ടറുടെ ഫേസ്ബുക് പേജിനു താഴെ നിരവധി പേർ പരാതികളുമായും എത്തിയിരുന്നു. മാവേലിക്കര താലൂക്കിനെ മാത്രം അവധിയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കലക്ടർക്ക് കത്തയച്ചിരുന്നു.