തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ ജീവന്‍രക്ഷാ ഉപകരണമായ വെന്റിലേറ്ററില്‍ 11 എണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയെകുറിച്ച് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനരഹിതമാണെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പീഡിയാട്രിക്ക് സര്‍ജറിയിലെയും നവജാതശിശുരോഗ വിഭാഗത്തിലെയും വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പ്രത്യേകം പരിശോധിക്കണം. വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ തകരാറുകള്‍ തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയെടുക്കണം. വെന്റിലേറ്ററുകള്‍ മാറ്റി വാങ്ങണമെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് ഒരുമാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണം. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഒരു മാസത്തിനകം പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന പരാതിയെകുറിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. പുതിയ വെന്റിലേറ്ററുകള്‍ വാങ്ങണമെങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഡി.എം.ഇ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന്റെ പ്രതിനിധി, ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ ഡിസംബറില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.