തിരൂർ: കട്ടെടുത്തുവിഴുങ്ങി സ്ത്രീയുടെ വയറ്റിലായ തൊണ്ടിമുതലായ സ്വര്‍ണം ഒടുവില്‍ വെളിയിലെത്തി. സിനിമയിൽ അല്ല ശരിക്കും തിരൂരിൽ. കിട്ടി സാറേ കിട്ടി... അന്നാ ആ സിനിമയിൽ നമ്മൾ കണ്ടും കേട്ടതുമായ ആ ഡയലോഗ് ആരും മറന്നിട്ടുണ്ടാവില്ല. അന്ന് സിനിമയിൽ ദൃക്സാക്ഷി പൊലീസായിരുന്നു ഇന്ന് അതിന്റെ ദൃക്സാക്ഷി ആരുമാകട്ടെ, ടെൻഷൻ തീർന്നിരിക്കുന്നു, സംഭവത്തിനു പര്യവസാനം ആയിരിക്കുന്നു.
സിനിമയില്‍ വെളിയിലെത്തിക്കാൻ പൊലീസ് എടുത്ത ആയുധങ്ങൾ വെള്ളം നിറച്ചൊരു കുപ്പിയും പരാതിക്കാരന്‍ വാങ്ങിക്കൊടുത്തൊരു സിഗററ്റും ആയിരുന്നെങ്കില്‍ ഇവിടെയത് ജ്യൂസും പഴങ്ങളുമായിരുന്നു.
സംഭവമിങ്ങനെ.. തിരൂരിലെ ഒരു പള്ളിയില്‍ നിസ്ക്കരിക്കാനെത്തിയ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരപ്പവന്‍ അരഞ്ഞാണം പെട്ടെന്ന് നഷ്ടമാകുന്നു. തെരച്ചിൽ, അന്വേഷണം,ഫോൺ വിളി ഒടുവിൽ അവിടെ പള്ളിയിലുണ്ടായിരുന്ന നിറമരുതൂര്‍ മലയില്‍ ദില്‍ഷാദ് ബീഗം മോഷ്ടിച്ച് വിഴുങ്ങിയതാണെന്ന് മനസിലാകുന്നു. മോഷ്ടാവിനെ കൈയോടെ പിടികൂടി.
യുവതിയുടെ ആമാശയത്തിന്റെ എക്‌സ്‌റേയില്‍ തൊണ്ടിമുതല്‍ കണ്ടുവെങ്കിലും പുറത്തെടുക്കാനാവാതെ പൊലീസ് കുഴങ്ങുന്നു.
മോഷണക്കേസില്‍ റിമാന്‍ഡ് ചെയ്ത യുവതിയെ തൊണ്ടിമുതല്‍ കണ്ടെടുക്കാനായി തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടതായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയിലും യുവതിയെ പ്രവേശിപ്പിച്ചുവെങ്കിലും സ്വര്‍ണാഭരണം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചൊവ്വാഴ്ച തിരൂര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന യുവതിക്ക് ജ്യൂസും പഴങ്ങളുമെല്ലാം നല്‍കി. ഒടുവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ദില്‍ഷാദ് ബീഗത്തിന്റെ വയറ്റില്‍നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.
ഇതോടെ ദില്‍ഷാദ് ബീഗത്തെ എ.എസ്.ഐ. ഹൈമാവതിയുടെ നേതൃത്വത്തില്‍ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.