എറണാകുളം തൃക്കാക്കരയിലെ അംഗൻവാടിയിൽ വെച്ച് കുട്ടിയെ പാമ്പുകടിച്ചതായി സംശയം. കൈക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. അംഗൻവാടിയിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുട്ടിയുടെ കയ്യിലേക്ക് ഒരു അണലി കുഞ്ഞ് വീണതായി കുട്ടി തന്നെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിക്ക് കയ്യിൽ വേദന അനുഭവപ്പെട്ടത്. ഇതോടെ ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അംഗൻവാടിയുടെ പരിസരം കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലല്ലെന്നും, എന്നാൽ സമീപത്തുള്ള എൻജിഒ ക്വാർട്ടേഴ്സ് പരിസരത്ത് കാടുപിടിച്ച് കിടക്കുന്നുണ്ടെന്നും ഇവിടെ നിന്നാകാം പാമ്പ് എത്തിയതെന്നും അംഗൻവാടി ടീച്ചർ പറഞ്ഞു. സംഭവത്തെ തുടർന്ന് ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും.