തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. ചികിത്സാ പിഴവും തുടർ ചികിത്സയും സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. കാട്ടാക്കട സ്വദേശിനി സുമയ്യയോട് രേഖകളുമായി ബോർഡിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, ആരോപണ വിധേയനായ ഡോക്ടർ രാജീവ് കുമാറിനോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2023 മാർച്ച് 22-ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചിനുള്ളിൽ ഗൈഡ് വയർ കണ്ടെത്തിയത്. ഡോക്ടർ രാജീവ് കുമാർ പിഴവ് സമ്മതിച്ചതായും, മറ്റാരോടും പറയരുതെന്ന് ആവശ്യപ്പെട്ടതായും കീ ഹോൾ വഴി ട്യൂബ് എടുത്ത് നൽകാമെന്ന് ഉറപ്പ് നൽകിയതായും സുമയ്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഈ സംഭവത്തിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 336, 338 വകുപ്പുകൾ പ്രകാരം കാന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ രാജീവ് കുമാർ മാത്രമാണ് പ്രതി.
കാർഡിയോളജി, ന്യൂറോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി വിപുലീകരിച്ച മെഡിക്കൽ ബോർഡാണ് ഇന്ന് യോഗം ചേരുന്നത്. യുവതിയുടെ ആരോഗ്യനില, നൽകിയ ചികിത്സാരീതി, ട്യൂബ് കുടുങ്ങാനുണ്ടായ സാഹചര്യം എന്നിവയെല്ലാം ബോർഡ് വിശദമായി പരിശോധിക്കും. ഗൈഡ് വയർ രക്തക്കുഴലുമായി ചേർന്നിരിക്കുന്നതിനാൽ അത് നീക്കം ചെയ്യുന്നത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. സുമയ്യയ്ക്ക് എല്ലാ തുടര്‍ ചികിത്സാ സഹായങ്ങളും നൽകുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്.