കോതമംഗലം: ഊന്നുകല്ലിൽ ആൾതാമസം ഇല്ലാത്ത വീട്ടിലെ മാൻഹോളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല. നഗ്നമായ ശരീരം ആയിരുന്നു. ചെവി മുറിച്ച നിലയിലായിരുന്നു.മൃതദേഹം കാണാതായ കുറുപ്പുംപടി, വേങ്ങൂർ സ്വദേശിനിയുടേതെന്ന് സംശയം. നടപടികൾക്ക് ശേഷം സ്ഥിരീകരിക്കുമെന്ന് പൊലീസ്.എറണാകുളം റൂറൽ എസ് പി ഹേമലതയും, ഡോഗ് സ്ക്വാഡും ,വിരലടള വിദഗ്ദ്ധരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് എസ് പി ഹേമലത പറഞ്ഞു.
ഏകദേശം 60 വയസുള്ള സ്ത്രീയുടെ മൃതദേഹമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. മാലിന്യ ടാങ്കിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇത് ഒരു വൈദികൻ്റെ വീടാണ്. എന്നാൽ കുറച്ച് കാലമായി ഇവിടെ ആൾതാമസമില്ലാത്തതിനാൽ വീട് അടഞ്ഞുകിടക്കുകയാണ്. ഈ വീടിൻ്റെ വർക്ക് ഏരിയയുടെ ഗ്രില്ല് തകർത്ത നിലയിലാണ്. നിലവിൽ കോതമംഗലം കുറുപ്പംപടി എന്ന സ്ഥലത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായിട്ടുണ്ട്. ഈ സംഭവത്തിൽ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്‌തു.കാണാതായെന്ന് പരാതിയിലുള്ള സ്‌ത്രീക്കും 60 വയസാണ് പ്രായം. ഈ കേസിൽ പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. നാട്ടുകാരാണ് ദുർഗന്ധം വരുന്നെന്ന് പൊലീസിൽ അറിയിച്ചത്.