കണ്ണൂർ ചക്കരക്കൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ല ബിൽഡിംഗ് മെറ്റീരിയൽ സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പിനെ തുടർന്ന് പണം നഷ്ടപ്പെട്ട നിക്ഷേപകൻ ഓഫീസിൽ നിലത്തുകിടന്ന് പ്രതിഷേധിച്ചു.നിക്ഷേപവും പലിശയും ഉടൻ ലഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് പനേരിച്ചാൽ ചാപ്പ റഷീദാ മൻസിൽ സ്വദേശി കെപി ഇബ്രാഹിം സൊസൈറ്റിയിൽ കിടന്ന് പ്രതിഷേധിച്ചത്.
കഴിഞ്ഞ വർഷം സഹകരണവകുപ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ് വ്യാപകമായ രീതിയിൽ ഫണ്ട് വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്.ഇതറിഞ്ഞ നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയത് വലിയ പ്രശ്നമായിരുന്നു.സംഘം സെക്രട്ടറി കൃത്യമായ രേഖകളില്ലാതെ വ്യാപകമായി ലോൺ അനുവദിച്ചിരുന്നതായും സ്വന്തം നിലയ്ക്ക് സ്വത്തുക്കൾ വാങ്ങികൂട്ടിയതായും ഭരണസമിതി കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. സഹകരണ വകുപ്പ് റെജിസ്ട്രർ സംഘം സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.