മുറൈഖ് നോർത്ത്: കാണാതായ വളർത്തുപൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 1 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 26 ലക്ഷം ഇന്ത്യൻ രൂപ) പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഖത്തറിൽ വെച്ച് കാണാതായ 13 വയസ്സുള്ള ‘റെക്സ്’ എന്ന പൂച്ചയെ കണ്ടെത്തുന്നവർക്കാണ് ഈ വമ്പൻ തുക പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക സോഷ്യൽ മീഡിയ പേജുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും റെക്‌സിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
2026 മാർച്ച് 21-നാണ് റെക്‌സിനെ കാണാതായത്. ഖത്തറിലെ അൽ റയ്യാൻ മേഖലയിലുള്ള മുറൈഖ് നോർത്ത്, അൽ ഫുറൂസിയ സ്ട്രീറ്റ് എന്നിവിടങ്ങളുടെ പരിസരത്ത് നിന്നാണ് പൂച്ചയെ കാണാതായത്. ഓറഞ്ച് നിറത്തിലുള്ള ആൺപൂച്ചയാണ് റെക്സ്. മഞ്ഞ നിറത്തിലുള്ള കണ്ണുകളാണ് ഇതിന്റെ പ്രധാന തിരിച്ചറിയൽ അടയാളമായി പറയുന്നത്. പ്രായം 12-13 വയസ്സാണ്. മാർച്ചിൽ കാണാതായ റെക്‌സിനെ മാസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്രയും വലിയൊരു തുക പ്രതിഫലമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പുകൾ വീണ്ടും ശ്രദ്ധ നേടുന്നത്.