കാർത്തികപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തു. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ സ്കൂൾ അധികൃതർ നടത്തിയ പരിശോധനയ്ക്കിടയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് ബാഗിൽ നിന്നും ലഭിച്ചത്. ട്യൂഷൻ സെന്ററിന് സമീപത്തെ പറമ്പിൽ നിന്നും വീണുകിട്ടിയതാണ് വെടിയുണ്ടകൾ എന്നാണ് വിദ്യാർത്ഥി നൽകിയ മൊഴി. സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വെടിയുണ്ടകൾ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിയുണ്ടകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു. സമീപത്തെ പറമ്പിൽ നിന്നും ഇത്തരത്തിൽ വെടിയുണ്ടകൾ എങ്ങനെ ലഭിച്ചു എന്നതും, ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.