Share this Article
News Malayalam 24x7
സ്ത്രീധനത്തിനെതിരെ ബോധവത്കരണം ആരംഭിച്ച് കൊച്ചി മെട്രോ
Kochi Metro started raising awareness against dowry

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീധനത്തിനെതിരെ ബോധവത്കരണം ആരംഭിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. സുരക്ഷിതത്വം തോന്നിയില്ലെങ്കിൽ ധൈര്യപൂർവ്വം ഒരു ബന്ധത്തിൽ നിന്ന് പുറത്ത് കടക്കണമെന്ന്  കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയാണ് കെഎംആർഎൽ സംഘടിപ്പിച്ചിരിക്കുന്നത്. 

സ്ത്രീധനം നൽകുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ സ്ത്രീധന പീഡന വാർത്തകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. രാഗാ സൊസൈറ്റിയുമായി ചേർന്ന് കൊച്ചി മെട്രൊ നടത്തുന്ന ഒരാഴ്ച്ച നീണ്ട ക്യാംപെയിൻ  ഹൈക്കോടതി ജഡ്ജ് ശ്രീമതി.അനു ശിവരാമൻ ഉദ്ഘാടനം ചെയ്തു. ലീഗൽ മേഖലയിൽ ആൺ സഹപ്രവർക്കരെക്കാൾ മികച്ച പ്രകടനമാണ് വനിതകൾ കാഴ്ച്ചവയ്ക്കുന്നതെന്ന് ക്യാംപെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഹൈക്കോടതി ജഡ്ജ് ശ്രീമതി.അനു ശിവരാമൻ പറഞ്ഞു. ഒരു ബന്ധത്തിൽ അസ്വസ്ഥതയോ സുരക്ഷിതത്വമില്ലായ്മയോ തോന്നിയാൽ ആ ബന്ധത്തിൽ നിന്ന് ധൈര്യപൂർവ്വം പുറത്ത് വരണമെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശ്രീ.ലോക്നാഥ് ബെഹ്റ പറഞ്ഞു. 

സ്ത്രീധനത്തിനെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ഹൈക്കോടതി ജഡ്ജ് ശ്രീമതി.അനു ശിവരാമൻ പുറത്തിറക്കി. സ്ത്രീധനത്തിനെതിരെയുള്ള പ്രതിജ്ഞ കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഏറ്റുചൊല്ലി.  ഡിസംബർ 18 വരെ വിവിധ മെട്രോ സ്റ്റേഷനുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories