Share this Article
News Malayalam 24x7
പത്ത് ലക്ഷം രൂപയിലധികം മൂല്യം, സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസി തിരികെപിടിച്ചു, സംസ്ഥാനത്താദ്യം
വെബ് ടീം
23 hours 17 Minutes Ago
1 min read
CRYPTO

ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിൽ ഉൾപ്പെട്ട ഏകദേശം 10 ലക്ഷം രൂപയിലധികം വിലവരുന്ന ക്രിപ്റ്റോ കറൻസി തൃശ്ശൂർ റൂറൽ പോലീസ് ആദ്യമായി കോടതി ഉത്തരവ് പ്രകാരം ഔദ്യോഗിക ഹാർഡ്‌വെയർ ക്രിപ്റ്റോ വാലറ്റിലേക്ക് മാറ്റി സുരക്ഷിതമാക്കി. ക്രിപ്റ്റോ കറൻസി / ബിറ്റ്‌കോയിൻ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിൽ കേരളത്തിൽ ആദ്യമായാണ്.

ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്ന് 2023 നവംബർ 24 മുതൽ 2024 ജനുവരി 28 വരെയുള്ള കാലയളവിൽ ₹1,12,09,651/- (ഒരു കോടി പന്ത്രണ്ട് ലക്ഷം ഒൻപതിനായിരത്തി അറുനൂറ്റി അൻപത്തി ഒന്ന് രൂപ) തട്ടിയെടുത്ത കേസ്സിലാണ് നടപടിയെടുത്തത്. ഈ സംഭവത്തിന് നാഷ്ണൽ ക്രൈം റിപ്പോർട്ടിഗ്   പോർട്ടലിൽ (NCRP) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. തുടർന്ന് നടത്തിയ സൈബർ അന്വേഷണത്തിൽ പ്രതിയുടെ ZEBPAY എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് വാലറ്റിൽ 11,752 യൂണിറ്റ് USDT സൂക്ഷിച്ചിരിക്കുന്നതും, അതിന്റെ മൂല്യം ഏകദേശം 10 ലക്ഷം രൂപയിലധികമാണെന്നും തിരിച്ചറിഞ്ഞു. ഈ തുക തിരികെ പിടിക്കുന്നതിനായി കോടതിയിൽ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ക്രിപ്റ്റോ, ബിറ്റ് കോയിൻ വഴി നടക്കുന്ന സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകളിൽ പണം തിരികെ ലഭിക്കാനായി തൃശ്ശൂർ റൂറൽ ജില്ലയിൽ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി.യുടെ പേരിൽ ഒരു പ്രത്യേക ഹാർഡ്‌വെയർ വാലറ്റ് നേരത്തേ വാങ്ങിയിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം പ്രതിയുടെ ZEBPAY വാലറ്റിൽ ഉണ്ടായിരുന്ന ക്രിപ്റ്റോ കറൻസി ഈ സുരക്ഷിത വാലറ്റിലേക്ക് മാറ്റിയാണ് പോലീസ് സൂക്ഷിച്ചിട്ടുള്ളത്. തുടർന്ന് കോടതിയുടെ അന്തിമ ഉത്തരവ് ലഭിക്കുന്നതിനുശേഷം ക്രിപ്റ്റോ കറൻസി പരാതിക്കാരന്റെ സ്വന്തം വാലറ്റിലേക്ക് മടക്കി നൽകും.

തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ IPS, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. വർഗ്ഗീസ് അലക്സാണ്ടർ, തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സുജിത് പി.എസ്., എസ്.ഐ. ബെന്നി ജോസഫ്, ജി.എസ്.ഐ. അനുപ്, സി.പി.ഒ. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories