Share this Article
Union Budget
'മാത്യു കുഴൽനാടന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല'; എംഎല്‍എയുടെ വാദങ്ങള്‍ ശരിവച്ച് പ്രതി അനന്തു കൃഷ്ണന്‍
വെബ് ടീം
posted on 10-02-2025
1 min read
ananthu reaction

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎ പണം വാങ്ങിയിട്ടില്ലെന്ന് പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ. നേരത്തെ യുഡിഎഫ് എംഎൽഎ ഏഴ് ലക്ഷം രൂപ കയ്യിൽ വാങ്ങിയതായാണ് പ്രതിയുടെ മൊഴിയെന്ന തരത്തിൽ പുറത്തു വന്നിരുന്ന വിവരം. എന്നാൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ അനന്തു കൃഷ്ണൻ ഈ വാർത്തകള്‍ തള്ളി. ആരോപണം ഉയർന്നതിനു പിന്നാലെ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി മാത്യു കുഴൽനാടൻ രം​ഗത്തെത്തിയിരുന്നു.

അനന്തു കൃഷ്ണൻ ഇതുവരെ തൻ്റെ പേര് പരാമർശിച്ചിട്ടില്ലെന്നും പ്രഥമ ദൃഷ്ട്യാ സാഹചര്യ തെളിവുകളെങ്കിലും ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു എംഎൽഎയുടെ വെല്ലുവിളി.ഏഴ് ലക്ഷം പോയിട്ട് ഏഴ് രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഏത് മന്ത്രിമാരും എംഎൽഎമാരുമാണ് പരിപാടിയിൽ പങ്കെടുക്കാത്തത്. അവര് വിളിച്ച രണ്ട് പരിപാടിയിൽ പോയില്ല, മൂന്നാമത്തെ പരിപാടിയിൽ വൈകിയാണ് എത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫണ്ടിനായി പണം നൽകിയെന്ന പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണന്റെ മൊഴിയിൽ പ്രതികരണവുമായി ഫ്രാൻസിസ് ജോർജ് എംപി. ആരോപണം അടിസ്ഥാനരഹിതമാണെന്നും കേസിനെക്കുറിച്ച് അറിയുന്നത് പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷമാണെന്നും ഫ്രാൻസിസ് ജോർജ് എംപി പ്രതികരിച്ചു. അനന്തു കൃഷ്ണനുമായി കേസിൽ നേരിട്ട് ബന്ധമില്ല. തനിക്ക് പണം ലഭിച്ചുവെന്ന് പറയുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. തനിക്കെതിരെ അനന്തുകൃഷ്ണൻ നേരിട്ട് ആരോപണം ഉന്നയിച്ചതായി അറിയില്ല. പണം വാങ്ങിച്ചു എന്ന് അനന്തു കൃഷ്ണൻ പറഞ്ഞാൽ താൻ നിയമനടപടി സ്വീകരിക്കും. പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പാർട്ടി ഫണ്ട് സംഭാവന എന്നുള്ള ഒരു തരത്തിലും പണം വാങ്ങിയിട്ടില്ല. പ്രതി തൊടുപുഴക്കാരൻ ആണെന്ന് അറിയുന്നു.അവിടെ വച്ച് കണ്ടിട്ടുണ്ടാകാം, പക്ഷേ നേരിട്ട് ബന്ധമില്ലെന്നും ഫ്രാൻസിസ് ജോർജ് എംപി പ്രതികരിച്ചു. ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പ് ഫണ്ടിനായി ഒൻപത് ലക്ഷം രൂപ നൽകിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന അനന്തു കൃഷ്ണൻ്റെ മൊഴി.

അതേ സമയം  പാതിവില തട്ടിപ്പ് കേസില്‍ പ്രതി അനന്തു കൃഷ്ണനെ റിമാൻഡ് ചെയ്തു.പ്രതിയെ മൂവാറ്റുപുഴ ജയിലിലേക്ക് മാറ്റി.രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട് കേസ് ആണെന്നും ജീവന് ഭീഷണിയുണ്ടെന്നും അനന്തു കൃഷ്ണന്‍ കോടതിയിൽ അറിയിച്ചു.അനന്തുവിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.തട്ടിപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories