Share this Article
News Malayalam 24x7
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ
വെബ് ടീം
2 hours 51 Minutes Ago
1 min read
PM RATHEESH

തൃശ്ശൂർ: പീച്ചിയിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിൽ കടവന്ത്ര എസ്എച്ച്ഒ പി എം രതീഷിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണമേഖല ഐജിയാണ് എസ് ശ്യാംസുന്ദറാണ് രതീഷിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പീച്ചി എസ്ഐയായിരിക്കുമ്പോഴാണ് രതീഷ് ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചത്. വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് നടപടി. സംഭവത്തിൽ രതീഷിന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. മറുപടി ലഭിക്കും വരെ കാത്തിരിക്കേണ്ടതില്ലെന്ന ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്. പൊലീസ് മർദനത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നടപടി.

2023 മെയിലാണ് ഹോട്ടൽ ഉടമയായ കെ പി ഔസേപ്പിനും മകനും ജീവനക്കാർക്കും പീച്ചി സ്റ്റേഷനിൽ മർദ്ദനമേറ്റത്. ഹോട്ടലിലെ ബിരിയാണിയെ ചൊല്ലി പാലക്കാട് സ്വദേശിയുമായുണ്ടായ തർക്കത്തിനു പിന്നാലെയായിരുന്നു ഇത്. പരാതി പറയാനെത്തിയ ഹോട്ടൽ മാനേജറേയും ഡ്രൈവറേയും അന്നത്തെ പീച്ചി സ്റ്റേഷൻ എസ് ഐ ആയിരുന്ന രതീഷ് മുഖത്തടിക്കുകയായിരുന്നു. പിന്നാലെ വിവരം അറിഞ്ഞെത്തിയ ഔസേപ്പിനേയും മകനേയും രതീഷ് ഭീഷണിപ്പെടുത്തി. പരാതിക്കാരനായ ദിനേശിന്റെ സഹോദരീപുത്രന് പ്രായപൂർത്തിയായിട്ടില്ലെന്നും വധശ്രമത്തിനൊപ്പം പോക്സോ കേസും ചുമത്തുമെന്നായിരുന്നു എസ്ഐയുടെ ഭീഷണി.പണം നൽകി കേസ് ഒത്തുതീർപ്പാക്കണമെന്ന് രതീഷ് പറഞ്ഞതായി ഔസേപ്പ് ആരോപിച്ചിരുന്നു. പൊലീസ് നിർദേശ പ്രകാരം അഞ്ച് ലക്ഷം രൂപ നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. ഇതിൽ മൂന്ന് ലക്ഷം പൊലീസിനും രണ്ട് ലക്ഷമാണ് തനിക്ക് ലഭിക്കുക എന്നാണ് പാലക്കാട് സ്വദേശിയായ പരാതിക്കാരൻ പറഞ്ഞതെന്നും ഔസേപ്പ് പറഞ്ഞിരുന്നു.തന്റെ നിരപരാധിത്വം തെളിയിക്കാൻ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾക്കായി ഔസേപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് നൽകാൻ കൂട്ടാക്കിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഔസേപ്പിന് ദൃശ്യങ്ങൾ ലഭ്യമായത്. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories