പേരൂർക്കടയിൽ ദലിത് യുവതിയെ വ്യാജ മോഷണ കേസിൽ കുടുക്കി പീഡിപ്പിച്ച കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. സംഭവ ദിവസം സ്റ്റേഷനിലെ ജി.ഡി ചാർജുള്ള എ.എസ്.ഐ പ്രസന്നനെയാണ് സസ്പെൻഡ് ചെയ്തത്. ബിന്ദുവിനോട് അസഭ്യം പറഞ്ഞത് പ്രസന്നനായിരുന്നു. കൻ്റോൺമെൻ്റ് എസിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
മാലമോഷ്ടിച്ചെന്ന കളളപരാതിയില്‍ വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെ 20 മണിക്കൂര്‍ അനധികൃത കസ്റ്റഡിയില്‍വച്ച പേരൂര്‍ക്കട പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് ഉന്നതതല അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മോഷണം നടന്നുവെന്ന് ഉറപ്പാക്കാതെയും മോഷണം നടന്ന സ്ഥലം പരിശോധിക്കാതെയും പ്രതിയെ തീരുമാനിച്ചത് നിയമലംഘനങ്ങളിൽ പ്രധാനമായിരുന്നു.
സ്ത്രീകളെ രാത്രിയില്‍ അന്യായമായി കസ്റ്റഡിയില്‍ വയ്ക്കരുതെന്ന ചട്ടം ലംഘിച്ച പൊലീസ് ഭക്ഷണം പോലും നിഷേധിച്ചത് ക്രൂരമായ മനുഷ്യാവകാശലംഘനം കൂടിയായിരുന്നു. ഇതിൽ എസ്.ഐ പ്രസാദിനെ ആദ്യ നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തിരുന്നു.
മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തതും പോലീസിന്റെ മോശമായ സമീപനമായിരുന്നു. ബിന്ദു കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയില്‍ നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്ഐ പ്രസന്നന്റെ മറുപടി.
പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു.
സംഭവത്തില്‍ എസ് ഐക്ക് പുറമെ കൂടുതൽ പേർക്കെതിരെ നടപടി വേണമെന്ന് ബിന്ദു ആവശ്യപ്പെട്ട സാഹചര്യത്തിൽ എഎസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. സംഭവ ദിവസം സ്റ്റേഷനിലെ ജി.ഡി ചുമതലയുണ്ടായിരുന്ന ആളാണ് എഎസ്ഐ പ്രസന്നൻ.
പ്രസന്നൻ അമിതാധികാര പ്രയോഗം നടത്തിയെന്നെ കണ്ടെത്തലിനെ തുടർന്ന് ആണ് നടപടി. സംഭവത്തിൽ സ്റ്റേഷനിലെ സിസിടീവി പരിശോധിച്ച് വരുന്നുണ്ട്. കൂടുതൽ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.