കോട്ടയം: ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിൽ വിശ്രമിക്കുകയായിരുന്ന അമ്മയുടെയും മകന്‍റേയും ദേഹത്തേക്ക് കാർ ഇടിച്ച് കയറി നാലു വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം ശാസ്താലൈൻ ശാന്തിവിള നാഗാമൽ ശബരിനാഥിന്‍റെ മകൻ എസ്. അയാൻ ശാന്ത് (നാല്) ആണ് മരിച്ചത്.ശനിയാഴ്ച മൂന്നോടെയാണ് അപകടം. ശബരിനാഥ് അവധിക്കെത്തിയപ്പോൾ കുടുംബസമേതം വാഗമണ്ണിൽ എത്തിയതായിരുന്നു ഇവർ. വഴിക്കടവിലുള്ള ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിൽ ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് മറ്റൊരുഭാഗത്ത് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്‍റേയും നേരെ മറ്റൊരു കാർ വന്ന് ഇടിച്ചുകയറുകയായിരുന്നു.വാഹനം ഇടിച്ചതോടെ ആര്യ ഇരുന്ന ഭാഗത്തിന് പിന്നിലുള്ള കമ്പിയിലേക്ക് ഇരുവരും ഞെരുങ്ങി. ഇരുവരെയും ഉടൻ പാലായിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമ്മ ആര്യ മോഹൻ (30) പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലാ പോളിടെക്‌നിക്കിലെ അധ്യപികയാണ് ആര്യ.