Share this Article
News Malayalam 24x7
കെഎസ്​യു പ്രവർത്തകർ ജയിൽ മോചിതരായി; മാലയിട്ടും ഷാൾ അണിയിച്ചും വൻ സ്വീകരണമൊരുക്കി സംഘടന
വെബ് ടീം
5 hours 13 Minutes Ago
1 min read
ksu

കണ്ണൂർ: ആരോ​ഗ്യമന്ത്രി വീണാ ജോർജിന് പ്രതിഷേധത്തിനിടെ പരിക്കേറ്റ കേസിൽ പ്രതികളായ കെഎസ്​യു പ്രവർത്തകർ പുറത്തിറങ്ങി. കോടതിയിൽ നിന്ന് റിലീസ് ഓർഡർ കണ്ണൂർ സബ് ജയിലിൽ എത്തിച്ചതിന് പിന്നാലെയാണ് നേതാക്കൾ പുറത്തിറങ്ങിയത്. ജയിലിന് പുറത്തിറങ്ങിയ പ്രവർത്തകർക്ക് വൻ സ്വീകരണമാണ് സംഘടന നൽകിയത്. മാലയിട്ടും ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് കേസിൽ കെഎസ്​യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം നല്‍കിയത്.'എല്ലാവരും എല്ലാം കണ്ടതാണ്. കരിങ്കൊടി ഉപയോഗിച്ചുള്ള ഒരു പ്രതിഷേധത്തെ മറ്റൊരു വിധത്തിൽ വ്യാഖ്യാനിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്നുതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഞങ്ങളെ ജയിലിൽ അടയ്ക്കാനുള്ള ശ്രമമാണ് ഉണ്ടായത്.' കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.'മുമ്പ് ഷുക്കൂറിനെ കൊലപ്പെടുത്താൻ ശ്രമിച്ച സമയത്ത് പി. ജയരാജനെ ഇത്തരത്തിൽ തടഞ്ഞുവെച്ചു എന്ന വ്യാജ പ്രചരണം അഴിച്ചുവിട്ടിരുന്നു. പിന്നാലെ ജില്ലയ്ക്കകത്തും സംസ്ഥാനത്തും വ്യാപകമായി വലിയ അക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത പാർട്ടിയാണ് സിപിഐഎം. അവരിപ്പോൾ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് വ്യാജ ആരോപണം ഉയർത്തി കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരെ താറടിച്ചു കാണിക്കാനാണ് ശ്രമിക്കുന്നത്.' അതുൽ പറഞ്ഞു.

ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കെഎസ് യു പ്രവർത്തകരുടെ കയ്യിൽ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റൊരായുധവും ഉണ്ടായിരുന്നില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽകിയത്.

കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണമെന്നും ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുതെന്നും കോടതി ഉത്തരവിലുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് അഞ്ചുപേർക്കും ജാമ്യം നൽകിയ‌ത്.കണ്ണൂർ ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ആയുധം പ്രയോഗിച്ച് ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന ഗണ്‍മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, വി.വി. അക്ഷയ്, ബിതുല്‍ ബാലന്‍, സി.എച്ച്. മുബാസ്, അഹമ്മദ് യാസീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories