Share this Article
News Malayalam 24x7
താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണം; കുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്
9-Year-Old Thamarassery Girl Dies from Amoebic Meningitis

കോഴിക്കോട് താമരശ്ശേരിയിലെ 9 വയസ്സുകാരി മരിച്ചത്    അമീബിക് മസ്തിഷ്കജ്വരം  കാരണമാണെന്ന്  ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ പകർപ്പ് കേരള വിഷൻ ന്യൂസിന് ലഭിച്ചു. പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ലെന്ന് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി സനൂപ് പറഞ്ഞിരുന്നു. അതേസമയം ഡോക്ടർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച്  താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഇന്നും ബഹിഷ്കരണ സമരം നടത്തി.


വേണ്ട സമയത്ത് പെൺകുട്ടിക്ക് ചികിത്സ ലഭ്യമാക്കാതെ, കുട്ടി മരിച്ചപ്പോൾ ഇല്ലാത്ത അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടെന്ന് പറയുകയാണ് ഡോക്ടർമാർ എന്നായിരുന്നു സനൂപിന്റെ വാദം. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിയ കേസിലെ പ്രതിയുടെ ഈ വാദം തള്ളുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് താമരശ്ശേരിയിലെ 9 വയസ്സുകാരി മരിക്കാൻ കാരണമായത്  അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ചാണെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. 

പോസ്റ്റുമോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിന്റെ പരിശോധനയിലാണ്  അമീബിക് മസ്തിഷ്കജ്വരം ആണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി താലൂക്കാശുപത്രിയിലെ ഡോക്ടർമാർ ഇന്നും പണിമുടക്കി. ഒ.പി വിഭാഗവും  കിടത്തി ചികിത്സയും ബഹിഷ്കരിച്ചായിരുന്നു ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗത്തിൽ മാത്രമാണ് ഡോക്ടർമാർ ഉണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories