പാലപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങിയ പുലി പശുക്കിടാവിനെ കടിച്ചുകൊന്നു. ഹാരിസൺ മലയാളം മൂപ്പിളി എസ്റ്റേറ്റിലെ എലിക്കോട് ഫീൽഡ് ഓഫീസറുടെ വീടിന് സമീപമാണ് സംഭവം. പുലർച്ചെയോടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. രണ്ട് വയസ്സ് പ്രായമുള്ള പശുക്കിടാവാണ് ചത്തത്.
തോട്ടം മേഖലയായ ഇവിടെ വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാട്ടാനകളുടെയും പുലിയുടെയും സാന്നിധ്യം പ്രദേശത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതിന് മുൻപും സമാനമായ രീതിയിൽ ഇവിടെ വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.