Share this Article
News Malayalam 24x7
കുളിക്കുന്നതിനിടെ 15-കാരന്‍ മുങ്ങിത്താഴ്ന്നു, പുഴയോരത്ത് നിന്ന ബന്ധുവായ യുവതി രക്ഷിക്കാന്‍ ചാടി; രണ്ടുപേരും ഭാരതപ്പുഴയിൽ മരിച്ചു
വെബ് ടീം
posted on 17-04-2025
1 min read
BHARATHAPUZHA

തവനൂര്‍: ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30-ന് മദിരശ്ശേരി താഴം കടവിലായിരുന്നു അപകടം.കുളിക്കുന്നതിനിടെ മുഹമ്മദ് ലിയാന്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴയോരത്ത് നിന്നിരുന്ന ആബിദ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍, ഇരുവരും പുഴയില്‍ മുങ്ങിത്താഴ്ന്നു.

ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പുഴയില്‍നിന്നും പുറത്തെടുത്തത്.പാലക്കാട് ജില്ലയിലെ ആനക്കര ശിവക്ഷേത്രത്തിന് സമീപം കൊല്ലാട്ടു വളപ്പില്‍ അഹമ്മദ് കബീറിന്റെ മകനാണ് മുഹമ്മദ് ലിയാന്‍. അഹമ്മദ് കബീറിന്റെ സഹോദരിയാണ് ആബിദ. വേനലവധിയുടെ ഭാഗമായി മുഹമ്മദ് ലിയാനും വീട്ടുകാരും ആബിദയുടെ വീട്ടിലെത്തിയതായിരുന്നു. എല്ലാവരും ചേര്‍ന്ന് പുഴയോരത്തേക്ക് എത്തിയതിനിടയിലാണ് ദുരന്തമുണ്ടായത്.

ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം 10-ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരിക്കുകയായിരുന്നു മുഹമ്മദ് ലിയാന്. കൗലത്ത് ആണ് മാതാവ്. ആബിദയുടെ ഭര്‍ത്താവ് പരേതനായ റഷീദ്. മക്കള്‍: ഷിബിലി, റിബിന്‍.ഇരുവരുടേയും മൃതദേഹങ്ങള്‍ കുറ്റിപ്പുറം അമാന ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച കബറടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories