തിരുവനന്തപുരത്ത് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിവേദിന്റെ കാലുകള്‍ക്കും സൂരജിന്റെ നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ മണിയന്‍പിള്ള രാജുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലീസ് ഇന്നലെ രാത്രി നടനെ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ താന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയന്‍പിള്ള രാജു രാവിലെ സ്ഥിരീകരിച്ചു. സുബ്രഹ്‌മണ്യം ഹാളിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അുപകടം നടന്നതെന്നും അപ്പോള്‍ പേടി കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ജീവഹാനി വരാവുന്ന തരത്തില്‍ വാഹനം ഓടിച്ചു, പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ സഹായിച്ചില്ല, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു.