ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (സൗത്ത് സോൺ) ന്റെ 19-ാമത് ത്രിവാർഷിക സമ്മേളനം നവംബർ 15, 16 തീയതികളിൽ എറണാകുളത്ത് നടക്കും. എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 21 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ ഇങ്ങനെയൊരു ത്രിവാർഷിക സമ്മേളനം നടക്കുന്നത്.
പുതിയ ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ വരുന്ന പാർലമെന്റ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും, ഇത് സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപം 74% ൽ നിന്ന് 100% ആയി ഉയർത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിലൂടെ ദേശീയ സ്വകാര്യ മൂലധനത്തിന് വലിയ ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള 100-ൽ അധികം പ്രതിനിധികളും നിരീക്ഷകരും സമ്മേളനത്തിൽ പങ്കെടുക്കും. പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള രൂപരേഖ സമ്മേളനം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.