കൊച്ചി: വാഹനത്തിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.കളമശേരിയിൽ ആണ് ദാരുണ സംഭവം. അസം സ്വദേശിയായ അനിൽ പട്‌നായക്ക് (34) ആണ് മരിച്ചത്. കളമശേരി പൂജാരി വളവിനു സമീപമുള്ള ഗ്ലാസ് ഫാക്ടറിയിൽ ചെന്നൈയിൽ നിന്നെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
ഏഴു പേരാണ് ലോഡ് ഇറക്കാൻ ഉണ്ടായിരുന്നത്. അവസാനത്തെ കെട്ട് പൊട്ടിക്കുന്ന സമയത്ത് ഇതിലുണ്ടായിരുന്ന 18 ഗ്ലാസുകളും അനിലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഭാരവും വലിപ്പവുമേറിയതായിരുന്നു ഗ്ലാസ്. ലോറിയുടെ കൈവരിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട് അനിൽ ഞെരിഞ്ഞമർന്നു. കൂടെയുള്ളവർ ഗ്ലാസുകള്‍ മാറ്റി അനിലിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സിനെ വിളിച്ചു വരുത്തി ചില്ലുകൾ പൊട്ടിച്ചാണ് അനിലിനെ പുറത്തെടുത്തത്. ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ ഒരു വർഷമായി ഈ കമ്പനിയിലാണ് അനിൽ ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.