Share this Article
News Malayalam 24x7
തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച: 3 കിലോ സ്വർണാഭരണങ്ങൾ കാറിലെത്തിയ സംഘം തട്ടിയെടുത്തു
വെബ് ടീം
posted on 09-09-2023
1 min read
huge gold robbery in thrissur

തൃശ്ശൂര്‍: നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച.ജീവനക്കാരെ ആക്രമിച്ചാണ് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.കന്യാകുമാരിയിലേക്കു കൊണ്ടുപോവുകയായിരുന്ന മൂന്നര കിലോ സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ സംഘം തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഡി.പി. ചെയിന്‍സ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി സ്ഥാപനത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ വെള്ളനിറത്തിലുള്ള കാറിലെത്തിയ സംഘം ആക്രമിച്ചെന്നും ആഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് മോഷ്ടിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന സ്ഥാപനമാണ് ഡി.പി. ചെയിന്‍സ്. കഴിഞ്ഞദിവസം രാത്രി കന്യാകുമാരി ഭാഗത്തെ ജൂവലറികളില്‍ നല്‍കാനുള്ള മൂന്നുകിലോയോളം തൂക്കംവരുന്ന ആഭരണങ്ങളുമായാണ് ജീവനക്കാര്‍ സ്ഥാപനത്തില്‍നിന്ന് പോയത്. സ്ഥാപനത്തില്‍നിന്ന് പുറത്തിറങ്ങി സമീപത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ജീവനക്കാരെ ആക്രമിച്ചത്. പിന്നാലെ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കവര്‍ച്ചാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.


സംഭവം ആസൂത്രിതമായ കവര്‍ച്ചയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ഥാപനവും റെയില്‍വേസ്‌റ്റേഷനും തമ്മില്‍ ഏകദേശം അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. അതിനാല്‍, സ്ഥാപനത്തിലെ ജീവനക്കാരെ കൃത്യമായി നിരീക്ഷിച്ച് ഇവര്‍ പോകുന്നസമയം മനസിലാക്കിയാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്നും പോലീസ് കരുതുന്നു.


സംഭവത്തില്‍ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരുടെ ഫോണ്‍വിളി വിവരങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

 

ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിന്റോ , അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവര്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് കാറില്‍ എത്തിയ സംഘം തട്ടിയെടുത്തത്. വൈറ്റ് കളര്‍ ഡിസൈര്‍ കാറില്‍ എത്തിയ സംഘമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തതെന്ന് പറയുന്നു. പണി കഴിപ്പിച്ച ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്നൈ എഗ്മോര്‍ ട്രയിനില്‍ പതിവായി കൊണ്ട് പോകാറ്. ഇത് അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories