തൃപ്പൂണിത്തുറ സ്വദേശിയിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. തൊടുപുഴ സ്വദേശികളായ യാസിൻ, ആദിൽ എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത്. ഒരു മാസത്തിനിടെ യാസിന്റെ അക്കൗണ്ടിലൂടെ മാത്രം മൂന്ന് കോടിയിലേറെ രൂപയുടെ പണമിടപാട് നടന്നതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ട്രേഡിംഗ് ആപ്പ് വഴിയായിരുന്നു തട്ടിപ്പ്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശിയിൽ നിന്ന് 1.08 കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ഒരു മാസം കൊണ്ട് യാസിന്റെ അക്കൗണ്ടിലൂടെ മാത്രം മൂന്ന് കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തട്ടിപ്പുകളിൽ നിന്ന് ലഭിക്കുന്ന പണം ഒരുമിച്ച് ഒരു അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയാണ് സംഘം പിന്തുടർന്നിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ചെറിയ കമ്മീഷൻ നൽകി മറ്റുള്ളവരുടെ പേരിൽ അക്കൗണ്ടുകൾ എടുത്ത് (മ്യൂൾ അക്കൗണ്ടുകൾ) തട്ടിപ്പിനായി ഉപയോഗിക്കുന്നതായും സംശയമുണ്ട്.
നിരവധി പേർക്ക് സമാനമായ രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി. തട്ടിപ്പിന് വിദേശ ബന്ധങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.