നടിയെ ആക്രമിച്ച കേസില്‍ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായതോടെ ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍നിന്ന് നടന്‍ ദിലീപ് പിൻമാറി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നാളെ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിലാണു മാറ്റം വരുത്തിയത്. കൂപ്പണ്‍ ഉദ്ഘാടനം ദിലീപ് നടത്തുമെന്നു കാണിച്ച് പോസ്റ്ററുകളടക്കം അച്ചടിച്ചിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതിനു പിന്നാലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് വിഷയം പരിഹരിക്കാന്‍ ക്ഷേത്ര ഉപദേശക സമിതിക്ക് ബോര്‍ഡ് നിര്‍ദേശം നല്‍കി.ഇതേ തുടർന്ന് താന്‍ ചടങ്ങില്‍നിന്ന് പിന്മാറുകയാണെന്ന് ദിലീപ് തന്നെ അറിയിച്ചുവെന്ന് ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷന്‍ അശോക് കുമാര്‍ വ്യക്തമാക്കി.