കൊച്ചി വാട്ടർ മെട്രോയുടെ പുതിയ മട്ടാഞ്ചേരി, വില്ലിംഗ്‌ടൺ ഐലൻഡ് ടെർമിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൈതൃക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുമെന്നും, ടൂറിസം രംഗത്ത് പദ്ധതി പുതിയ ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി നഗരത്തിനും ഈ പ്രദേശങ്ങൾക്കുമിടയിലുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഇത് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.
കടമക്കുടിയിലെ ടെർമിനലിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ടെർമിനലുകളുടെ ഉദ്ഘാടനത്തോടെ, വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും നഗരത്തിൽ നിന്ന് മട്ടാഞ്ചേരിയിലും വില്ലിംഗ്‌ടൺ ഐലൻഡിലും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.