കണ്ണൂര്‍ ജില്ലയില്‍ ഇന്നലെയും ഇന്നു രാവിലെയുമായി പെയ്ത ശക്തമായ മഴയില്‍ പലയിടത്തും നാശ നഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. തളിപ്പറമ്പ് കുപ്പത്ത് വീടുകളിൽ വെള്ളം കയറി.ശക്തമായ കാറ്റിലും മഴയിലും പലയിടത്ത് മരങ്ങള്‍ പൊട്ടിവീണും മതിലിടിഞ്ഞ് വീണും നാശ നഷ്ടമുണ്ടായി.
കോര്‍പ്പറേഷന്‍ കുറുവ ഡിവിഷനില്‍ ശക്തമായ മഴയില്‍ മതില്‍ തകര്‍ന്ന് രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. തലശ്ശേരി പഴയ ബസ്റ്റാന്റ്, കുയ്യാലി എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.കണ്ണൂര്‍ നഗരത്തിലെ പടന്നത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പയ്യാമ്പലം കടലില്‍ അഴിമുറിക്കല്‍ പ്രവൃത്തി നടത്തി. കടലില്‍ പുലിമുട്ട് കെട്ടിയതിനാല്‍ പടന്ന തോട്ടിലെ വെള്ള ഒഴുകാതെ കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിനിടയാക്കിയത്.കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച പകല്‍ ഒരേ സമയം 20 തൊഴിലാളികളെ ഉപയോഗിച്ചാണ് അഴി മുറിക്കല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. മഴ നാശനഷ്ടമുണ്ടാക്കിയ ഇടങ്ങള്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ സന്ദര്‍ശിച്ചു.അതേ സമയം ഇന്നും കണ്ണൂരിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.