Share this Article
News Malayalam 24x7
മേയറെ തള്ളിമാറ്റി, LDF-UDF കയ്യാങ്കളി, കണ്ണൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ വൻ സംഘർഷം
വെബ് ടീം
posted on 10-03-2026
1 min read
kannur CORPORATION

കണ്ണൂർ: കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം.കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരു വിഭാഗത്തേയും പിടിച്ചു മാറ്റിയത്. പ്രധാന ഗെയ്റ്റിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. മറ്റൊരു വാതിലിലൂടെ മേയർ പി.ഇന്ദിര ഓഫിസിലേക്ക് പോകാൻ ശ്രമിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്.

‘മേയർ ഗോ ബാക്ക്’ എന്ന വിളികളോടെ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമായി. മേയറെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്തുവെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിടിച്ചു മാറ്റിയത്. തുടർന്ന് എൽഡിഎഫ് പ്രതിഷേധക്കാർ പന്തലിലേക്ക് പിൻവാങ്ങുകയായിരുന്നു. ഇതിനു പിന്നാലെ മേയറെ മർദിച്ചുവെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎ ഫണ്ട് ഉപയോഗിച്ച്‌ നടപ്പാക്കുന്നതിന്‌ നിർദേശിച്ച പദ്ധതികളെല്ലാം കോർപറേഷൻ ഏറ്റെടുക്കാതെയോ അനുമതി നൽകാതെയോ മുടക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് മാർച്ച് ഉദ്‌ഘാടനം ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories