തൊടുപുഴ: ഇടുക്കി അടിമാലി ശല്യംപാറയില്‍ ജേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജന്‍ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. വൈകീട്ട് മദ്യപിച്ച് എത്തിയ പ്രസാദ് അനിലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയും ആയിരുന്നു. ഈ സമയത്ത് അനിലിന്റെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.മണിക്കൂറുകള്‍ക്കു ശേഷം ഭാര്യ തിരിച്ചെത്തിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ ഹാളില്‍ കിടക്കുന്ന അനിലിനെയാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ അനിലിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ മദ്യലഹരിയില്‍ ടിവി കണ്ടിരിക്കുകയായിരുന്നു പ്രസാദ്. പ്രസാദിനെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രസാദ് സ്ഥിരമായി വീട്ടിലെത്തുന്ന ആള്‍ ആയിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ബിഎസ്എന്‍എല്‍ കേബിളുകള്‍ മോഷ്ടിച്ചുവിറ്റ സംഭവത്തില്‍ ജയിലില്‍ ആയതിനുശേഷം അടുത്തിടെയാണ് പ്രസാദ് പുറത്തിറങ്ങിയത്.