Share this Article
KERALAVISION TELEVISION AWARDS 2025
വാളയാർ ആൾക്കൂട്ട മർദനം: രാംനാരായണൻ നേരിട്ടത് കൊടും ക്രൂരത; ശരീരത്തിൽ നാൽപ്പതിലേറെ മുറിവുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Walayar Mob Lynching

പാലക്കാട് വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി ആൾക്കൂട്ട മർദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച ചത്തീസ്ഗഡ് സ്വദേശി രാംനാരായണൻ മണിക്കൂറുകൾ നീണ്ട അതിക്രൂരമായ മർദനത്തിനാണ് ഇരയായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തല മുതൽ കാൽ വരെ നാൽപ്പതിലധികം മുറിവുകളാണ് ഇയാളുടെ ശരീരത്തിലുള്ളത്. തലയ്ക്കും ശരീരത്തിനുമേറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മർദനത്തിന് പുറമെ, ഇയാളെ നിലത്തിട്ട് വലിച്ചതിന്റെ അടയാളങ്ങളും ശരീരത്തിലുണ്ട്.

കഞ്ചിക്കോട് കിൻഫ്രയിൽ ജോലി തേടിയാണ് രാംനാരായണൻ ഒരാഴ്ച മുൻപ് പാലക്കാട് എത്തിയത്. പരിചിതമല്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റിയാണ് ഇയാൾ വാളയാറിൽ എത്തിയതെന്ന് കരുതുന്നു. മൂന്ന് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ഇയാൾക്ക് ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രദേശവാസികളായ ചിലർ ഇയാളെ തടഞ്ഞുവെച്ച് കള്ളനെന്ന് ആരോപിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.

അവശനിലയിലായ രാംനാരായണനെ പൊലീസ് പാലക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇതുവരെ അഞ്ച് പേരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories