Share this Article
News Malayalam 24x7
മീൻകറിയിൽ പുളി കുറഞ്ഞതിന് മർദ്ദിച്ചതായി പരാതി; പന്തീരാങ്കാവ് കേസിലെ യുവതി പൊലീസിൽ മൊഴി നൽകി
Panthirankave Case

ഹൈക്കോടതി റദ്ദാക്കിയ കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരി നൽകിയ പുതിയ പരാതിയിൽ ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു. മീൻ കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് തന്നെ ക്രൂരമായി മർദ്ദിച്ചു എന്നാണ് യുവതിയുടെ പരാതി. ഭർതൃപീഡനത്തിനും നരഹത്യാ ശ്രമത്തിനുമാണ് രാഹുലിനെതിരെ പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. പ്രതിയെ വൈകിട്ട് കോടതിയിൽ ഹാജരാക്കും

ഏറെ വിവാദം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതി ഭർത്താവ് രാഹുലിനെതിരെ വീണ്ടും ഗാർഹിക പീഡന പരാതിയുമായി രംഗത്ത് വന്നിരുന്നു.  ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. 85 BNS, 498(A) IPC എന്നീ വകുപ്പുകൾ പ്രകാരം ഭർതൃ പീഡനത്തിനും, 110   BNS, 308 IPC എന്നീ വകുപ്പുകൾ പ്രകാരം നരഹത്യാ ശ്രമത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആദ്യത്തെ കേസ് ഒന്നരമാസം മുൻപ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് പരാതിക്കാരിയും ഭർത്താവും പന്തീരാങ്കാവിലെ വീട്ടിലായിരുന്നു താമസം. അതിനിടെ മീൻ കറിയിൽ പുളി കുറഞ്ഞെന്ന് ആരോപിച്ച് ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ പരാതി. കണ്ണിനും ചുണ്ടിനും പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി ചികിത്സ തേടിയിരുന്നു. പിന്നാലെ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു.

യുവതിയുടെ  മാതാപിതാക്കളെ പൊലീസ് വിവരമറിയിച്ചു. തുടർന്ന് പറവൂരിൽ നിന്നും കോഴിക്കോട് എത്തിയ മാതാപിതാക്കൾക്കൊപ്പം എത്തി യുവതി ഭർത്താവ് രാഹുലിനെതിരെ ഇന്ന് പന്തീരാങ്കാവ് പൊലീസിൽ മൊഴി നൽകി. ഞായറാഴ്ചയും തിങ്കളാഴ്ചയും മർദ്ദിച്ചെന്നാണ് പരാതിയിൽ ഉള്ളത്. ഇതിനു മുമ്പ് യുവതിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. മൊഴി പരിശോധിച്ച ശേഷം ആണ് പൊലീസ് കേസെടുത്തത്.

ഈ വർഷം മെയ് അഞ്ചിന് ഗുരുവായൂരിൽ വെച്ചായിരുന്നു പറവൂർ സ്വദേശിനിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ രാഹുലും തമ്മിൽ വിവാഹിതരായത്. പിന്നാലെ പന്തീരാങ്കാവിലെ വീട്ടിലെത്തിയപ്പോൾ ക്രൂരമായ ഗാർഹിക പീഡനം നേരിട്ടതായി യുവതി പരാതി നൽകിയിരുന്നു. അന്ന് ഭർത്താവ് രാഹുലിനെ പ്രതിചേർത്ത് പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു.

കേസിന്റെ തുടക്കത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്ന് പൊലീസ് ഇൻസ്പെക്ടർ അടക്കം രണ്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഭർത്താവിനെതിരെ താൻ പരാതി നൽകിയത് സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് ആദ്യത്തെ കേസ് ഹൈക്കോടതിയിൽ പറവൂർ സ്വദേശിനിയും ഭർത്താവ് രാഹുലും ഒത്തുതീർപ്പാക്കുകയാണ് ഉണ്ടായത്. അതിനുശേഷം ഒന്നര മാസം കഴിഞ്ഞാണ്  മറ്റൊരു പരാതിയുമായി യുവതി രംഗത്തെത്തിയതും പൊലീസ് കേസെടുത്തിരിക്കുന്നതും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories