Share this Article
News Malayalam 24x7
ഡോക്ടര്‍ ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി
Dr Bindu Sundar Transferred to Punalur Taluk Hospital

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടർക്കെതിരെ നടപടി. ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റിയത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും നടത്തിയ കനത്ത പ്രതിഷേധത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഇന്ന് തന്നെ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ആരോപണവിധേയയായ ഡോക്ടർക്കെതിരെ മുൻപും സമാനമായ രീതിയിൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു.


വിതുര മണലി സ്വദേശികളായ ബിനു - നിരഞ്ജന ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. കുറ്റക്കാരിയായ ഡോക്ടറെ പുറത്താക്കണമെന്നും അവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി പരിസരത്ത് ഇന്നും പ്രതിഷേധം തുടരുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.


ആരോഗ്യവകുപ്പ് നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ആശുപത്രിയിലെത്തി വിശദമായ പരിശോധനകൾ നടത്തും. ഈ സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതുവരെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories