പമ്പ: ആഗോള അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിൽ എത്തി. സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വിപുലമായ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.ശനിയാഴ്ചയാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി പമ്പയിൽ തങ്ങും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിൽ എത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മരാമത്ത് ഓഫീസ് കോംപ്ലക്സിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. കർശന പോലീസ് സുരക്ഷയാണ് സ്ഥലത്ത്. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് സെക്രട്ടറി എം.ജി. രാജമാണിക്യം ഐഎഎസ് അടക്കമുള്ളവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ശനിയാഴ്ച രാവിലെ 9.30ന് പമ്പ മണപ്പുറത്ത് ഒരുക്കിയിരിക്കുന്ന വേദിയിൽ മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. 12 മണിവരെ ഉദ്ഘാടന ചടങ്ങ് നീളും. ഇതിന് ശേഷം ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായുള്ള സെഷനുകൾ നടക്കുക. ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരടക്കം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനവേദിയിൽ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരെ പങ്കെടുപ്പിക്കും. എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലയരയസമാജം ജനറൽ സെക്രട്ടറി പി.കെ. സജീവ്, കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി കരിമ്പുഴ രാമൻ, ശിവഗിരി മഠത്തെ പ്രതിനിധാനംചെയ്ത് സ്വാമി പ്രബോധതീർഥ തുടങ്ങിയവർ പങ്കെടുക്കും.
പാസുള്ളവർക്കുമാത്രമാണ് സംഗമത്തിലേക്ക് പ്രവേശനം. 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. രാവിലെ ആറുമുതൽ രജിസ്ട്രേഷൻ നടക്കും. 11.30 മുതൽ മൂന്നുവേദികളിലായി ചർച്ചകൾ നടക്കും.എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ 1000 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രധാനവേദിയിൽ, ശബരിമല വികസനത്തിനുള്ള മാസ്റ്റർപ്ലാൻ അധിഷ്ഠിതമായ ചർച്ചയും നടക്കും. ഹിൽടോപ്പിന്റെ താഴ്‌വാരത്തെ വേദിയിൽ ആധ്യാത്മിക ടൂറിസത്തെക്കുറിച്ചും പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ തിരക്കുനിയന്ത്രണത്തെക്കുറിച്ചും ചർച്ചനടക്കും.
അതേ സമയം പ്രതിപക്ഷം സംഗമത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.