ആലപ്പുഴ: വ്യാഴാഴ്ച വാർത്താസമ്മേളനം വിളിച്ച പാർട്ടി അംഗത്വം പുതുക്കാതിരുന്ന, മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ അവസാന വട്ട ശ്രമവുമായി സിപിഐഎം. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഏഴ് പേർ ജി സുധാകരന്റെ വീട്ടിലെത്തി. അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിന് മുൻപായാണ് നേതാക്കൾ സുധാകരന്റെ വീട്ടിലെത്തിയത്. നാളത്തെ വാർത്താസമ്മേളനം ഒഴിവാക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ സുധാകരനുമായി അത്ര സ്വരച്ചേർച്ചയിൽ അല്ലാത്ത എച്ച് സലാം എംഎൽഎ ചര്‍ച്ചക്ക് എത്തിയില്ല.സുധാകരനുമായുള്ള അനുനയശ്രമം സിപിഐഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാൽ അവസാന വട്ട ശ്രമം എന്ന നിലയിലാണ് നേതാക്കൾ ഇപ്പോൾ സുധാകരനെ കാണാനെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി സുധാകരൻ മത്സരിച്ചേക്കും എന്നുള്ള വിവരങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരൻ നാളെ പ്രതികരിക്കാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് നേതാക്കളുടെ സന്ദർശനം.