ആലപ്പുഴ: അച്ഛനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന 12 വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു. സഞ്ചരിച്ചുകൊണ്ടിരിക്കെ ബൈക്കിൽ ബസിടിക്കുകയും അതിനെ തുടർന്ന് വാഹനത്തിൽ നിന്ന് തെറിച്ചു വീണ് സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ആണ് ദാരുണാന്ത്യം. തുറവൂരിൽ ദേശീയപാതയിലാണ് അപകടം നടന്നത്. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്.
ദേശീയപാതയിൽ പത്മാക്ഷി കവലയ്ക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.നിഷാദും മകൻ ശബരീശനും സഹോദരനും ഒരുമിച്ച് ബൈക്കിൽ തുറവൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിടുകയും പിന്നിലിരുന്ന ശബരീശൻ അയ്യൻ തെറിച്ചു വീഴുകയുമായിരുന്നു. തെറിച്ചു വീണ കുട്ടി അതേ ബസ്സിൻ്റെ പിൻചക്രങ്ങൾക്കടിയിൽപ്പെടുകയും തൽക്ഷണം മരിക്കുകയും ചെയ്തു. പരിക്കേറ്റ നിഷാദും ശബരീശൻ്റെ സഹോദരനും ആശുപത്രിയിൽ ചികിത്സയിലാണ്.