കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്ത് മുസ്ലിം ലീഗ് നേതാവ് കെ പി താഹിറിന് മികച്ച വിജയം. മേയർ പി ഇന്ദിരയുടെ വോട്ട് അസാധുവായിപ്പോയി. മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വോട്ടിൽ പി ഇന്ദിരക്ക് പിശക് പറ്റിയെങ്കിലും വലിയ ഭൂരിപക്ഷമുള്ളതിനാൽ അത് ബാധിച്ചില്ല. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ 35 വോട്ട് നേടിയാണ് താഹിർ തെരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് 35 വോട്ട് നേടിയപ്പോൾ എൽ ഡി എഫിന് 15 ഉം ബി ജെ പിക്കും 4 ഉം വോട്ടുകളാണ് ലഭിച്ചത്. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ആണ് കെ പി താഹിർ. തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറി താഹിർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുകയും ചെയ്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുക. സി പി എം ഭരണമുറപ്പിച്ച സാഹചര്യത്തിൽ ബിനോയ് കുര്യനാകും ജില്ലാ പഞ്ചായത്ത് ഭരിക്കുക. ബിനോയ് കുര്യനെ നേരത്തെ തന്നെ സ്ഥാനാർഥിയായി സി പി എം ജില്ലാ കമ്മിറ്റി തീരൂമാനിച്ചിരുന്നു. ടി. ഷബ്നയെ വൈസ് പ്രസിഡന്‍റായും തീരുമാനിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നേരത്തെ എസ് എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീയുടെ പേരും പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ജില്ലാ കമ്മിറ്റി അംഗമായ ബിനോയ് കുര്യന് നറുക്കുവീഴുകയായിരുന്നു. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളില്‍ ബിനോയ് പ്രവർത്തിച്ചിട്ടുണ്ട്. മണിക്കടവ് സ്വദേശിയാണ് അദ്ദേഹം.