കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലിയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ലക്ഷംകോളനിയിലെ ബിജു (45) ആണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യയെ അഞ്ച് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിനെ പുറത്തെടുക്കാൻ ആറ് മണിക്കൂറോളം വേണ്ടിവന്നു.
മണ്ണിടിച്ചിലിൽ ആറ് വീടുകൾ പൂർണ്ണമായും തകരുകയും നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് നേരത്തെ തന്നെ 22 ഓളം കുടുംബങ്ങളെ അടിമാലി സർക്കാർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ക്യാമ്പിലായിരുന്ന ബിജുവും സന്ധ്യയും വീട്ടിൽ ഭക്ഷണം എടുക്കാനായും മറ്റ് രേഖകൾ ശേഖരിക്കുന്നതിനായും മടങ്ങിപ്പോയപ്പോഴാണ് അപകടമുണ്ടായത്.
മരിച്ച ബിജുവിന്റെയും സന്ധ്യയുടെയും മകൻ ഒരു വർഷം മുമ്പ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച ബിജുവിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോട്ടയത്തുനിന്ന് മകളെത്തിയ ശേഷം പൊതുദർശനത്തിന് വെച്ച് ഇന്ന് വൈകുന്നേരത്തോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
രാത്രിയുണ്ടായ മണ്ണിടിച്ചിലിന്റെ വ്യാപ്തി വലുതാണെന്ന് ആകാശ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ ഭീഷണിയുണ്ടെന്നും, ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങിയ ആളുകൾക്ക് ഇനി എങ്ങോട്ട് പോകാനാകും എന്ന ചോദ്യം ഉയരുന്നുണ്ടെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ ദുരന്തത്തിന് വഴിവെച്ചതെന്നും എത്രയും പെട്ടെന്ന് പ്രദേശത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.