ചേലക്കരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ നാല് വയസ്സുകാരൻ അക്ഷയ് കെ പി മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്ഷയ് ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ എല്ലാവരും മരിച്ചു.
രണ്ടാഴ്ച മുൻപാണ് അക്ഷയുടെ പിതാവ് പ്രദീപ് വൃക്കരോഗത്തെ തുടർന്ന് മരിച്ചത്. ഇതിലുണ്ടായ മനോവിഷമത്തിലാണ് അക്ഷയുടെ അമ്മ ശൈലജയും അക്ഷയും ആറ് വയസ്സുകാരിയായ അണിമയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അണിമയും ശൈലജയും നേരത്തെ മരണപ്പെട്ടിരുന്നു. ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിക്കുകയായിരുന്നു മൂവരും. സാമ്പത്തിക ബാധ്യതകളും ഈ കടുംബത്തിന് ഉണ്ടായിരുന്നതായി വിവരമുണ്ട്. അക്ഷയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. അതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.