പൊലീസ് കള്ളക്കേസില്‍ കുടുക്കിയ പേരൂര്‍ക്കട സ്വദേശി ബിന്ദുവിന് ജോലി വാഗ്ദാനവുമായി MGM ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുള്ള പൊന്മുടിവാലി പബ്ലിക് സ്‌കൂളില്‍ പ്യൂണ്‍ തസ്തികയിലാണ് ജോലി വാഗ്ദാനം.
ഏപ്രില്‍ മാസമാണ് പാമ്പാടി സ്വദേശി ആര്‍. ബിന്ദുവിനെ വ്യാജ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. 20 മണിക്കൂര്‍ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച ശേഷം വിട്ടയക്കുകയായിരുന്നു. ബിന്ദുവിന്റെ പരാതിയില്‍ 6 മാസങ്ങള്‍ക്ക് ശേഷമാണ് ബിന്ദു കുറ്റക്കാരിയല്ല എന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഈ 6 മാസക്കാലം വീട്ടുജോലിക്ക് പോകാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ബിന്ദു. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായ ബിന്ദുവിന്റെ ദുരവസ്ഥ ബോധ്യപ്പെട്ടതോടെ MGM ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാനാണ് ജോലി നല്‍കാന്‍ തീരുമാനമെടുത്തത്.
MGM സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ.സി. നായര്‍, മാനേജര്‍ എല്‍.ബീന എന്നിവര്‍ വീട്ടിലെത്തിയാണ് വിവരം അറിയിച്ചത്.ജോലി വാഗ്ദാനം ബിന്ദു സ്വീകരിച്ചു. കേസിലകപ്പെട്ട തനിക്ക് ജോലി തരാന്‍ ആരും തയ്യാറായില്ലെന്നും ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ബിന്ദു പറഞ്ഞു.
ബിന്ദുവിന്റെ മക്കള്‍ക്ക് പഠനോപകരണങ്ങളും വീട്ടാവശ്യത്തിനുള്ള ഫര്‍ണിച്ചറുകളും സ്‌കൂള്‍ മാനേജ്‌മെന്റ് വാങ്ങി നല്‍കി. മാലമോഷ്ടിച്ചെന്ന വ്യാജപരാതിയിലാണ് ബിന്ദുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയത്.