ചാവക്കാട് : തൃശൂർ ഡിസിസി മുൻ ജനറൽസെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി യതീന്ദ്രദാസ് സിപിഐഎമ്മിൽ ചേർന്നു.കോൺഗ്രസ് പാർട്ടിയുടെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ചാവക്കാട്ട് നടത്തിയ പത്രസമ്മേളനത്തിൽ യതീന്ദ്രദാസ് അറിയിച്ചു. കോൺഗ്രസ് ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച തന്നെയും കുടുംബത്തെയും ദ്രോഹിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് യതീന്ദ്രദാസ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ തോൽവിക്ക് കാരണം ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ സംഘപരിവാർ ബന്ധമാണെന്ന് ആരോപിച്ചതിനെത്തുടർന്ന് കഴിഞ്ഞ ജൂലായിൽ ഡിസിസി നേതൃത്വം യതീന്ദ്രദാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
യതീന്ദ്രദാസിനെപ്പോലുള്ളവരെ ചേർത്തുപിടിച്ച് വർഗീയതക്കെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് സിപിഐഎം ചാവക്കാട് ഏരിയാ സെക്രട്ടറി ടിടി ശിവദാസൻ പറഞ്ഞു.സിപിഐഎമ്മിലേക്ക് വരുന്ന യതീന്ദ്രദാസിന് 30-ന് ചാവക്കാട്ട് സ്വീകരണം നൽകുമെന്നും ഏരിയ സെക്രട്ടറി അറിയിച്ചു.
ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സിപിഐഎം നേതാക്കളായ എംആർ രാധാകൃഷ്ണൻ, മാലിക്കുളം അബ്ബാസ്, എഎച്ച്അക്ബർ, പിഎസ് അശോകൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.