താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിൽ തീയിട്ട സംഭവത്തിൽ 300-ൽ അധികം പേർക്കെതിരെ പൊലീസ് കേസ് എടുത്തതിൽ പ്രതിഷേധിച്ച് താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഇന്ന് ഹർത്താൽ . ഇരുതുള്ളിപ്പുഴ കടന്നുപോകുന്ന വിവിധ പഞ്ചായത്തുകളിലെ വാർഡുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താൽ പൂർണമാണ് .
അറവുമാലിന്യ സംസ്കരണ കേന്ദ്രം ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അഞ്ച് വർഷമായി നാട്ടുകാർ നടത്തിവരുന്ന സമരമാണ് ഇന്നലെ സംഘർഷത്തിൽ കലാശിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം ഇരുതുള്ളിപ്പുഴയെ മലിനമാക്കുകയും കടുത്ത ദുർഗന്ധം വമിക്കുകയും ചെയ്യുന്നതായിട്ടാണ് നാട്ടുകാരുടെ പ്രധാന പരാതി .
പൊലീസിന്റെ അകമ്പടിയോടെ മാലിന്യം കൊണ്ടുപോകാൻ വാഹനം എത്തിച്ചതാണ് ഇന്നലത്തെ പ്രകോപനങ്ങൾക്ക് തുടക്കമായത് . സമരക്കാർ വാഹനം തടയുകയും പ്രതിഷേധിക്കുകയും ചെയ്തതോടെ പോലീസും നാട്ടുകാരും ഏറ്റുമുട്ടി. പോലീസ് ലാത്തി ചാർജും ഗ്രനൈഡ് പ്രയോഗവും നടത്തിയതോടെയാണ് സംഘർഷാവസ്ഥ രൂക്ഷമായത് . ഈ സംഘർഷത്തിനിടയിലാണ് ചിലർ ഫ്രഷ് കട്ട് സ്ഥാപനത്തിന് തീയിട്ടത്.സംഭവത്തിൽ 30-ൽ അധികം നാട്ടുകാർക്കും, റൂറൽ എസ്.പി. കെ.ഇ. ബൈജു, താമരശ്ശേരി എസ്.എച്ച്.ഒ. എ. സായി കുമാർ എന്നിവരടക്കം 19 പൊലീസുകാർക്കും പരിക്കേറ്റു .
സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് 300-ൽ അധികം പ്രദേശവാസികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 5 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ഥാപനത്തിനുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്ന സമയത്താണ് തീയിട്ടതെന്നും അതുകൊണ്ടാണ് വധശ്രമം ചുമത്തിയതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ കക്ഷി നേതാക്കൾ അടക്കമുള്ളവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് .
ജനവാസ കേന്ദ്രത്തിൽ നിന്ന് പ്ലാന്റ് മാറ്റുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. എന്നാൽ, പ്ലാന്റിന്റെ പ്രവർത്തനം തുടരുന്നതിന് സുരക്ഷയൊരുക്കാൻ കോടതി ഉത്തരവുണ്ടെന്ന നിലപാടിലാണ് പൊലീസ്