Share this Article
News Malayalam 24x7
ആംബുലന്‍സ് 2 തവണ കേടായി; തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ ആള്‍ മരിച്ചു; ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് ആക്ഷേപം
വെബ് ടീം
posted on 25-11-2024
1 min read
coconut tree

തൃശൂർ: അതിരപ്പിള്ളിയില്‍ തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ ആള്‍ കൃത്യമായ ആംബുലന്‍സ് സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് ആക്ഷേപവും  പരാതിയും.കുറ്റിച്ചിറ സ്വദേശി ഷാജുവാണ് തെങ്ങില്‍ നിന്ന് വീണ് മരിച്ചത്. ചെത്തുതൊഴിലാളിയായിരുന്നു ഷാജു. ഗുരുതരമായി പരുക്കേറ്റ ചെത്തുതൊഴിലാളി ഷാജുവിനെ ആംബുലന്‍സ് വഴിയിൽ വച്ച് തുടരെ തുടരെ കേടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആക്ഷേപം.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണന്‍കുഴിയില്‍ നിന്ന് ജീപ്പില്‍ വെറ്റിലപ്പാറയിലേക്ക് എത്തിച്ചു. പിന്നീട് ആംബുലന്‍സില്‍ കയറ്റിയെങ്കിലും മുന്നോട്ടു എടുത്തപ്പോള്‍ തന്നെ ആംബുലന്‍സ് കേടായി. പത്തു മിനിറ്റിനു ശേഷമാണ് പിന്നീട് ആംബുലന്‍സില്‍ യാത്ര തുടര്‍ന്നത്. യാത്രാമധ്യേ വീണ്ടും ആംബുലന്‍സ് തകരാറിലായി. 108 ആംബുലന്‍സ് ആണ് തകരാറിലായത്.

ഒടുവിൽ ജീപ്പില്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഗുണനിലവാരം ഇല്ലാത്ത 108 ആംബുലന്‍സ് ആണ് അതിരപ്പള്ളിയില്‍ സര്‍വീസ് നടത്തുന്നത് എന്നാണ് പരാതി. പൊലീസിന് ആംബുലന്‍സ് ഉണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആംബുലന്‍സ് വിട്ടു നല്‍കാറില്ല. ഷാജുവിന്റെ മരണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories