Share this Article
News Malayalam 24x7
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം
Fire Breaks Out at Thiruvananthapuram Medical College ICU Block

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം. സർജിക്കൽ ഐ.സി.യുവിന് സമീപം വെന്റിലേറ്റർ യൂണിറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഐ.സി.യുവിലുണ്ടായിരുന്ന 33 രോഗികളെയും ജീവനക്കാരെയും അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതരെയും രോഗികളെയും പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് പുക ഉയർന്നത്. വെന്റിലേറ്ററിൽ നിന്ന് സ്പാർക്ക് ഉണ്ടാവുകയും തൊട്ടുപിന്നാലെ തീ പടരുകയുമായിരുന്നു. വൻതോതിൽ പുക ഉയർന്നത് ശ്വസിച്ച ചില രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഉടൻ തന്നെ ഓക്സിജൻ വിതരണം നിർത്തിവെച്ച് തീ പടരുന്നത് തടയാൻ സാധിച്ചത് നിർണ്ണായകമായി.


ചാക്കയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ചേർന്നാണ് തീയണച്ചത്. സംഭവത്തെത്തുടർന്ന് ഇന്ന് മെഡിക്കൽ കോളേജിൽ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories