പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയിലെ നടപടികൾക്ക് പരിസമാപ്തിയായി. സ്കൂൾ മാനേജ്മെന്റ് സമർപ്പിച്ച ഹർജിയിൽ തുടർനടപടികൾ വേണ്ടെന്ന് ഹൈക്കോടതി തീരുമാനിച്ചു. വിദ്യാർത്ഥിനിയെ സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് പിതാവ് അറിയിച്ചതിനാലും, ഈ വിഷയത്തിൽ തുടർനടപടികളിലേക്ക് പോകില്ലെന്ന് സർക്കാരും വ്യക്തമാക്കിയ സാഹചര്യത്തിലുമാണ് കോടതിയുടെ ഈ വിധി.
എല്ലാ കുട്ടികളെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും, അതിനാൽ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ പ്രവേശിക്കാൻ അനുവാദം നൽകാൻ കഴിയില്ലെന്നുമായിരുന്നു സ്കൂൾ മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നത്.യൂണിഫോം നയത്തിൽ വിട്ടുവീഴ്ചയില്ലെന്നും സ്കൂൾ വ്യക്തമാക്കിയിരുന്നു.തങ്ങളുടെ മകളെ അതേ സ്കൂളിൽ തുടർന്ന് പഠിപ്പിക്കാൻ താൽപര്യമില്ലെന്നും, മറ്റൊരു സ്കൂളിലേക്ക് മാറ്റുകയാണെന്നും കുട്ടിയുടെ പിതാവ് കോടതിയിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇനി മറ്റ് നിയമനടപടികളൊന്നും തങ്ങൾക്ക് ആവശ്യമില്ലെന്നും കുടുംബം അറിയിച്ചു.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ, ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ പ്രവേശിക്കാൻ വിദ്യാർത്ഥികൾക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും, കുട്ടികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ നിയമപരമായി ഇടപെടാൻ സർക്കാരിന് കഴിയുമെന്നും വ്യക്തമാക്കിയിരുന്നു. ഈ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ടുള്ള വിശദമായ റിപ്പോർട്ടും സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, നിലവിൽ തുടർനടപടികൾക്കില്ലെന്ന് സർക്കാരും അറിയിച്ചതോടെയാണ് ഹൈക്കോടതി ഹർജി അവസാനിപ്പിച്ചത്.