ആളൂരിലെ കുന്നപ്പള്ളി വീട്ടിൽ ദേവസി (60) ഭാര്യ അൽഫോൻസയെ (55) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ അൽഫോൻസ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറെ നാളുകളായി കുടുംബ കലഹത്തെ തുടർന്ന് വേർപിരിഞ്ഞാണ് ദേവസിയും അൽഫോൻസയും കഴിഞ്ഞിരുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇന്ന് രാവിലെ ദേവസി അൽഫോൻസ താമസിക്കുന്ന വീട്ടിലെത്തി. ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും, ഇതിനിടെ ദേവസി അൽഫോൻസയെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തലയ്ക്കടിയേറ്റ് അൽഫോൻസ തറയിൽ വീണപ്പോൾ മരണം സംഭവിച്ചെന്ന് തെറ്റിദ്ധരിച്ച ദേവസി, തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
അൽഫോൻസയുടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് അൽഫോൻസയെ രക്തം വാർന്ന് കിടക്കുന്ന നിലയിലും ദേവസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. തുടർന്ന് അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആളൂർ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.