തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദയാഘാതം മൂലം രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണുവാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് മെഡിക്കൽ കോളേജിൽ നിന്ന് തനിക്ക് അവഗണന നേരിട്ടെന്നും ചികിത്സ ലഭിച്ചില്ലെന്നും വേണു സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചിരുന്നു.
നെഞ്ചുവേദനയെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് വേണുവിനെ അടിയന്തരമായി ആൻജിയോഗ്രാം ചെയ്യാൻ നിർദ്ദേശിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, അഞ്ച് ദിവസമായിട്ടും വേണുവിന് ആൻജിയോഗ്രാം ചെയ്യുകയോ മതിയായ ചികിത്സ നൽകുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. "എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ആശുപത്രിയായിരിക്കും" എന്ന് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്നും വേണു ഈ സന്ദേശത്തിൽ പറയുന്നു.
സംഭവത്തിൽ വേണുവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വാദം.