പത്തനംതിട്ട: അടുത്ത കാലത്ത് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ എടുത്ത് ഉപയോഗിച്ച് വൈറൽ ആക്കിയ ‘പോറ്റിയേ കേറ്റിയേ’ എന്ന തെരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല പരാതി നൽകിയത്.പാട്ട് പിന്‍വലിക്കണമെന്ന് സമിതി സെക്രട്ടറി ആവശ്യപ്പെട്ടു. അയ്യപ്പ സേവാ സംഘത്തിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റുകൂടിയാണ് പ്രസാദ്.
ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ഗാനത്തിന് എതിരെ രാജ്യസഭാ എംപി എ.എ.റഹീമും രംഗത്തെത്തി. പാരഡി ഗാനത്തിന് എതിരെ ശക്തമായ നടപടി വേണമെന്നാണ് സിപിഐഎമ്മിന്റെയും ആവശ്യം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നത്.
ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. ഖത്തറിൽ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് എന്ന ഗായകൻ ഇത് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്തത്.