മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം സംബന്ധിച്ച വിവാദങ്ങൾ പുതിയ തലത്തിലേക്ക്. വിഷയങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ രംഗത്തെത്തി. ഡോ. ഹാരിസിന്റെ ഓഫീസ് മുറിയിൽ നടത്തിയ പരിശോധനയിൽ ദുരൂഹമായ ഒരു ബോക്സ് കണ്ടെത്തിയെന്നും ഇതിൽ കൂടുതൽ അന്വേഷണം വേണമെന്നുമാണ് പ്രിൻസിപ്പൽ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഡോ. ഹാരിസിന്റെ ഓഫീസ് മുറിയിൽ നടത്തിയ പരിശോധനയിലാണ് വലിയൊരു ബോക്സ് കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ, ഇതിന് മുമ്പ് നടത്തിയ ആദ്യ പരിശോധനയിൽ ഈ ബോക്സ് കണ്ടിരുന്നില്ല എന്നത് സംശയം വർധിപ്പിക്കുന്നു. "മോർസലേറ്റർ" എന്ന് ലേബൽ ചെയ്ത ഉപകരണമാണ് ബോക്സിലുള്ളതെന്നും, ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സർജൻമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഡോ. ഹാരിസിന്റെ മുറിയിലേക്ക് ആരോ കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.