Share this Article
News Malayalam 24x7
പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി, ജാഗ്രതാ നിര്‍ദേശം, മയക്കുവെടി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ
വെബ് ടീം
posted on 15-09-2024
1 min read
elephant

കോഴിക്കോട്: പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയില്‍. പൈതോത്ത് പള്ളിത്താഴെ ഭാഗത്താണ് ഇന്ന് പുലര്‍ച്ചെയോടെ നാട്ടുകാര്‍ ആനയെ കണ്ടത്. പുലര്‍ച്ചെ 2 മണിയോടെപന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്.

പ്രഭാത സവാരിക്കായി ഇറങ്ങിയവരും ആനയെ കണ്ടു. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി.ഇതേ ആനയെ തന്നെയാണ് പൈതോത്ത് റോഡ് ഭാഗത്തും കണ്ടതെന്ന് കരുതുന്നത്. പള്ളിത്താഴ ഭാഗത്ത് നിന്ന് ആന പള്ളിയിറക്കണ്ടി ഭാഗത്തേക്കാണ് നീങ്ങിയത്. പേരാമ്പ്ര ബൈപ്പാസിലൂടെ ഉള്‍പ്പെടെ ആന കടന്ന് പോകുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

പെരുവണ്ണാമൂഴിയില്‍ നിന്ന് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസുകാരും നാട്ടുകാരും ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പെരുവണ്ണാമുഴി ഭാഗത്തുള്ള വനമേഖലയില്‍ നിന്നാണ് ആന ഇറങ്ങിയതെന്ന് കരുതുന്നു. ഇത്രയും ദൂരത്തെത്തിയ ആനയെ എങ്ങനെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കും എന്ന ആശങ്കയിലാണ് അധികൃതര്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആന അക്രമകാരി അല്ല, വൈകുന്നേരത്തോടെ കാട് കയറും എന്നാണ് പ്രതീക്ഷിക്കുന്നത് നിലവിൽ ആനയെ മയക്ക് വെടിവെക്കേണ്ട സാഹചര്യമില്ലെന്നും നില വഷളായാൽ മാത്രമെ വെടിവെക്കുന്ന

കാര്യം പരിഗണിക്കൂ. കരുതൽ നടപടികളുടെ ഭാഗമായി മയക്കുവെടി വെക്കാനുള്ള സംഘത്തെ പ്രദേശത്തേക്ക് വിന്യസിക്കാൻ നിർദ്ദേശമുണ്ടെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories